2010, നവംബർ 3, ബുധനാഴ്‌ച

ആദികവി (കഥാപ്രസംഗം )




യുഗയുഗഭാരത ചരിത്രഭൂമിയില്‍

അനാദിചിന്താപവിത്രവേദിയില്‍

ഇവിടെയുണര്‍ന്നു ആദിമകാവ്യ -

പ്പൊരുളായ്മാറിയ 'മാനിഷാദാ'......

യുഗാന്തരസംസ്കൃതികള്‍ ഉടലെടുത്ത ഭാരതവര്‍ഷത്തില്‍ സൃഷ്ടിയുടെ നാദബ്രഹ്മതരംഗങ്ങളില്‍നിന്നും ശോകതപ്തമായ ശ്ലോകമായി ആദികാവ്യമുണ്ടായി. നിഷാദനെ പ്രാകൃതഭാവത്തില്‍നിന്നും ഉദാത്തമാനവമനീഷിയാക്കിയ, അക്കഥ, ഇവിടെ അവതരിപ്പിക്കട്ടെ.

വരൂ..... നമുക്കു സരയൂനദിയുടെ തീരംവരെ ഒന്നു പോകാം. അതാ, പ്രകൃതിരമണീയമായ പുഴയുടെ പുണ്യപുളിനം. പക്ഷികളുടെ കളകൂജനങ്ങളാലും പൂക്കളുടെയും ചെടികളുടെയും വര്‍ണ്ണഹരിത സമ്മേളനത്താലും സമ്മോഹനമായ തീരം! ശാന്തിയാല്‍ പരിവേഷ്ടിതമായ ഒരാശ്രമവാടമത്രെ.

സരയൂനദിയുടെ തീരം,

സുഖദമൊരാശ്രമവാടം...

അവിടെക്കാണുമൊരാലിന്‍ കൊമ്പില്‍

കളിയാടുന്നൊരിണകള്‍,..

നോക്കൂ, ആ തീരത്ത് ആ ആലിന്‍ കൊമ്പില്‍ രണ്ടിണപ്പക്ഷികള്‍! അവയുടെ സ്നേഹലാളനകള്‍ ശ്രദ്ധിച്ചുനോക്കൂ. കൊക്കും ചിറകും ഉരുമ്മി അവ കളിയാടുമ്പോള്‍ പ്രകൃതിയും സ്നേഹസ്വരം തുളുമ്പുന്നു.

സൗഹൃദത്തിന്റെ സൗഗന്ധികങ്ങളെ ,

സ്നേഹ സാന്ദ്രമാമീ നിമിഷങ്ങളെ

നിങ്ങള്‍ നല്‍കുമനുഭൂതിഗംഗയില്‍

നിന്നൊഴുകുന്നു സംഗീത വൈഖരി...

ഏതോ ഒരനശ്വരപ്രേമത്തിന്റെ മന്ത്രം ആണ്‍കിളിയുടെ ചെവിയില്‍ ഓതുകയാണ്.' ഏതോ ഒരു ദിവ്യാകര്‍ഷണത്തില്‍ പെണ്‍കിളി അലിഞ്ഞലിഞ്ഞാനന്ദിക്കുന്നു'.

സുപ്രഭാതമേ നീയിന്നരുളീ

ഹര്‍ഷമേകും സമാഗമവേള...

ഗേഹലക്ഷ്മിയാണിന്നിവളെന്റെ

മോഹവേണുവിന്‍ സാന്ദ്രസ്വരവും...

ആണ്‍കിളിയുടെ മധുരോദാരമായ ഗാനത്തില്‍ പെണ്‍കിളിയുടെഹൃദയത്തില്‍ ആയിരം പൂക്കള്‍ വിടര്‍ന്നു!

ഈ സന്ദര്‍ഭത്തില്‍ ആ മനോഹര തീരത്തേക്ക് ആരോ നടന്നു വരികയാണ്.

നോക്കൂ, അവര്‍ രണ്ടുപേരുണ്ടല്ലോ! ഓ അതു മറ്റാരുമല്ല, വിശ്രുതനായ വാല്‍മീകി മഹര്‍ഷിയും ശിഷ്യന്‍ ഭരദ്വാജനുമാണ്. സരയൂനദീ തീരത്തെ ചേതോഹരമായ കാഴ്ച അവരുടെ ഹൃദയത്തെ അത്യതികം ആനന്ദിപ്പിച്ചു. വാല്‍മീകിമഹര്‍ഷി ശിഷ്യനോടു പറഞ്ഞു "ഭരദ്വാജാ, എത്ര സുന്ദരമാണ് ആ കാഴ്ച. ആ ഇണപ്പക്ഷികള്‍ക്ക് എന്തൊരു സ്നേഹമാണ്. അവയുടെ ലീലാവിലാസങ്ങള്‍ കണ്ടാല്‍ മതിവരുന്നില്ല.

നീലനീലഗഗനംപോല്‍

നിത്യവിശാലങ്ങള്‍

സ്വാതന്ത്ര്യത്തിന്‍ പരമഹംസപദ -

മല്ലോ... നിങ്ങടെ ഹൃദയങ്ങള്‍...

മഹര്‍ഷി പറഞ്ഞു തീര്‍ന്നില്ല. പെട്ടെന്ന്, അതാ ക്രൂരമായ ഒരമ്പ് ആണ്‍കിളിയുടെ നെഞ്ചു പിളര്‍ന്ന് എവിടെനിന്നോ എത്തിച്ചേര്‍ന്നു.! ആണ്‍കിളി പിടഞ്ഞ് പിടഞ്ഞ് താഴെ വീണു. അതിന്റെയരികില്‍ പെണ്‍കിളി വാവിട്ടു കരഞ്ഞു. ആരാണ് കിളിയെ എയ്തത് ? അതാ ദുഷ്ടനായ ഒരു കാട്ടാളന്‍ അമ്പും വില്ലുമേന്തി നില്‍ക്കുന്നു. പരസ്പരം പ്രേമാനുഭൂതിയല്‍ ലയിച്ച കിളികളുടെ ഹൃദയം അവനെങ്ങനെ അറിയാന്‍ ?

വനവേടനറിയുമോ, സ്നേഹപൂര്‍ണ്ണം

ഹൃദയങ്ങള്‍ തന്‍ നിത്യ രാഗഭാവം

ഹനനമാം ജീവിതവൃത്തിയുമായ്

അലയുന്നു ഹിംസതന്‍ മൂര്‍ത്തിഭാവം...

അവന്റെ ജീവിതം തന്നെ ഹിംസയിലും ദ്രോഹത്തിലും അധിഷ്ഠിതമാണ്. നോക്കൂ, ആ ഇണക്കിളിയുടെ വിലാപം കേട്ട് മഹര്‍ഷിയുടെ ഭാവം മാറിയിരിക്കുന്നു.

വേദന, ക്രൗഞ്ചമിഥുനത്തിലൊന്നിന്റെ

ചേതനയില്‍ പടര്‍ന്നേറിയ വേദന,

അന്തരാത്മാവിന്റെയഗ്നിശലാകയില്‍

പൊന്തിയക്രൂരമാം ജ്വാലതന്‍ ജിഹ്വയായ്,

ആ വേദനയാല്‍ ഋഷിയുടെ മുഖം ഇരുണ്ടു. കോപതാപങ്ങള്‍ അവിടെ മാറിമാറിക്കളിയാടി. അമ്പേറ്റത് തന്റെ ഹൃദയത്തിലാണെന്നദ്ദേഹത്തിനു തോന്നി. ആ കണ്ണുകള്‍ ജ്വലിച്ചു. അദ്ദേഹത്തിന്റെ മുഷ്ടി വായുവിലേക്കുയര്‍ന്നു. ആ ചുണ്ടില്‍ നിന്നും ശക്തമായ ഒരു ശ്ലോകധാര പ്രവഹിച്ചു.

"മാനിഷാദാ പ്രതിഷ്ഠാം ത്വ -

മഗമശ്ശാശ്വതീ സമ:

യത്ക്രൗഞ്ചമിഥുനാംദേക -

മവധീ കാമമോഹിതം.”

"കാമമോഹിതനായി ഇണപ്പക്ഷികളിലൊന്നിന്റെ പ്രാണന്‍ അപഹരിച്ച കാട്ടാളാ നീ നശിച്ചു പോകട്ടെ.” ഈ വാക്കുകള്‍ പുറത്തു വന്നതിനു ശേഷം ശോകത്തില്‍ നിന്നും ഉണ്ടായ ആ കവിതാസൃഷ്ടിയില്‍ മഹര്‍ഷി വിസ്മയപ്പെട്ടു! പണ്ടൊരിക്കല്‍ കാട്ടാളനായിരുന്ന തന്നെ ഋഷിയും കവിയുമാക്കിയ അനശ്വരമായ രാമമന്ത്രത്തെ അദ്ദേഹം ഓര്‍ത്തു. സപ്തര്‍ഷിമാര്‍ അന്നു തന്നോടു പറഞ്ഞു.

രാമമന്ത്രം ജപിക്കൂ മനുഷ്യാ നീ

രാമമന്ത്രം ജപിക്കൂ...

ആമരമീമരം മരാമരമെന്നൊരു

രാമമന്ത്രം ജപിക്കൂ ...”

ഇതേ നദീ തീരത്ത് ആണ്‍ കിളിയെ നഷ്ടപ്പെട്ട പെണ്‍കിളിയെപ്പോലെ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന സീതാദേവിയെ കണ്ട കഥ വാല്‍മീകി ആ സന്ദര്‍ഭത്തില്‍ ഓര്‍ത്തു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട അഗ്നിവിശുദ്ധയായ സീത! അങ്ങനെ തന്റെ നാവില്‍ നിന്നും അറിയാതെയൊഴുകിയ ശ്ലോകത്തിന്റെ തുടര്‍ച്ചയായി, ബ്രഹ്മാവിന്റെ നിര്‍ദ്ദേശവും നാരദന്റെ ഉപദേശവും സ്വീകരിച്ച് മഹര്‍ഷി രാമകഥ പാടി.

അങ്ങനെ വാല്‍മീകി മഹര്‍ഷിയാകുന്ന പര്‍വ്വതത്തില്‍ നിന്നും ഉത്ഭവിച്ച് രാമനാകുന്ന സാഗരത്തിലേക്ക് ഗമിക്കുന്ന, ലോകത്തെ പുണ്യപൂര്‍ണ്ണമാക്കുന്ന രാമായണം എന്ന മഹാനദിയുണ്ടായി. ആദികവിതയെകീര്‍ത്തിച്ചുകൊണ്ട് നമുക്കു പാടാം.

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം

ആരുഹ്യ കവിതാ ശാഖിം വന്ദേ വാല്‍മീകി കോകിലം.”

1 അഭിപ്രായം: