2010, നവംബർ 4, വ്യാഴാഴ്‌ച

രക്തബലി(കഥാപ്രസംഗം)


ഭാരതചരിത്രത്തിലെ ഒരു മഹാത്യാഗത്തിന്റെ കഥ ! അതാണു രജപുത്രവനിതയായ പന്നയുടെ കഥ. അതു ഞാന്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കട്ടെ ! വരൂ! നമുക്ക് മേവാറിലെ രാജാ സംഗ്രാമസിംഹന്റെ കൊട്ടാരത്തിലേക്ക് പോകാം. അതാ ! അവിടെ എന്താണ് ഒരുത്സവാഘോഷത്തിന്റെ ആരവങ്ങള്‍ !
മേവാറിലെ രാജധാനിയിലുത്സവ -
കേളീതരംഗങ്ങള്‍ പൂവണിഞ്ഞൂ ,
രാജകുമാരന്‍ പിറന്നു സ്നേഹാമൃത -
ധാരകളെങ്ങുമുണര്‍ന്നൊഴുകീ...
രാജാസംഗ്രാമസിംഹന് ഒരു മകന്‍ പിറന്നിരിക്കുന്നു. അതിന്റെ ആഹ്ലാദധ്വനികളാണ് കൊട്ടാരത്തില്‍ അലയടിക്കുന്നത്. പക്ഷേ, ആ സന്തോഷം ഏറെ നാള്‍ നീണ്ടു നിന്നില്ല.
തളിര്‍കളും പൂക്കളും നിന്നു ചിരിക്കവേ,
കരിനിഴലെവിടെയും വീശിടുന്നു ,
ഉദയസിംഹന്‍ പിറന്നേറെനാള്‍ ചെന്നില്ല
ജനനി മൃതിയില്‍ മറഞ്ഞു പോയി...
ഉദയസിംഹകുമാരന്റെ അമ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ദുഃഖ തപ്തനായരാജാവും പിന്നെ ഏറെ നാള്‍ ജീവിച്ചില്ല. രാജകുമാരന്റെ രക്ഷാകര്‍ത്താവായി വന്നത് ബാണ്‍വീര്‍ എന്ന ക്രൂരനായ മനുഷ്യനാണ്. സിംഹാസനത്തില്‍ അധികാര സ്ഥാനത്തിരിക്കുന്നത് അയാളാണ്. രാജകുമാരനെ വളര്‍ത്തുന്നത് സ്നേഹമയിയായ പന്നയാണ്.
രജപുത്രയാമവള്‍ വീരവനിതയാള്‍
പ്രിയപുത്രനേപ്പോല്‍ വളര്‍ത്തീ ...
രാജകുമാരനെ ,തേജസ്വരൂപനെ
സ്നേഹാര്‍ദ്ര മലരായ് വിടര്‍ത്തീ...
രജപുത്രസ്ത്രീയായിപ്പിറന്ന പന്ന, രാജകുമാരനെ സ്വന്തം മകനെപ്പോലെ വളര്‍ത്തി. അതേ പ്രായത്തിലുള്ള ഒരു മകന്‍ അവള്‍ക്കുണ്ട്. എങ്കിലും അവള്‍ ഭാവിരാജാവായിരിക്കേണ്ട രാജകുമാരനെ ഏറ്റവും സ്നേഹപരിഗണനകള്‍ നല്‍കി സംരക്ഷിച്ചു. അങ്ങനെ കുമാരന്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി. പക്ഷേ, അവന്റെ വളര്‍ച്ചയെ ഭയസംഭ്രമങ്ങളോടെ കാണുന്ന ഒരാളുണ്ടായിരുന്നു. അത് രാജ്യം ഭരിക്കുന്ന ബാണവീരനായിരുന്നു. രാജകുമാരന്‍ വളര്‍ന്നു വന്നാല്‍
അധികാരം നഷ്ടപ്പെടും എന്ന ചിന്ത അയാളില്‍ പുകയാന്‍ തുടങ്ങി.
രാജകുമാരന്‍ വളര്‍ന്നുവന്നീടവേ
ബാണവീരന്നുള്ളില്‍ അഗ്നിയാളി
രാജാധികാരം തകരുമോ?ഉള്ളകം
നീറിപ്പുകയാന്‍ തുടങ്ങിടുന്നു.
വിഷം വമിപ്പിക്കുന്ന ചിന്തകള്‍ അയാളെക്കൊണ്ട് ക്രൂരമായ ഒരു തീരുമാനം എടുപ്പിച്ചു. ആറുവയസ്സുപ്രായമുള്ള രാജകുമാരനെ കൊന്നു കളയാന്‍ നിശ്ചയിച്ചു!
സ്വാര്‍ത്ഥാന്ധകാരമേ നിന്റെ പരാക്രമം
നിര്‍ദ്ദയ ഹീനപ്രവര്‍ത്തികളും
ദൃഷ്ടിയിലേറ്റു ഞെട്ടിടുന്നു നീതിതന്‍
ഹൃത്തടം, ഭീകരം നിന്റെ രൂപം.
അന്തഃപുരത്തില്‍ പന്നയുടെ സംരക്ഷണത്തില്‍ വളരുന്ന കുമാരനെ ആരുമറിയാതെ കൊല്ലാന്‍ ബാണ്‍വീര്‍ തീരുമാനിച്ചു.ഇക്കാര്യം ഒരു വിശ്വസ്ത സേവകന്‍ മുഖേന പന്നയറിഞ്ഞു. അവള്‍ ഞെട്ടിത്തരിച്ചുപോയി! തന്റെ പ്രിയപ്പെട്ട രാജകുമാരനെ കൊല്ലുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. ത്യാഗസുരഭിലമായ അവളുടെ ഹൃദയം ഉടനെ ഒരു തീരുമാനമെടുത്തു.
“ നരനാഥ കുമാരകന്‍ കിടക്കും
പരമപ്പട്ടുവിരിച്ച മെത്തയില്‍
തരമെന്റെ കിടാവിനെക്കിടത്താം
മരണം പറ്റുകിലായവന്‍ കൃതാര്‍ത്ഥന്‍"
ഭാരതസ്ത്രീകളുടെ വീരേതിഹാസങ്ങള്‍ അവളുടെ ആത്മാഭിമാനം തൊട്ടുണര്‍ത്തി.
വീരാംഗനകള്‍ പിറന്നൊരീഭാരത-
ക്ഷോണിയില്‍ വന്നു പിറന്നവള്‍ ഞാന്‍,
തോരാത്ത കണ്ണുനീര്‍തൂകേണ്ടി വന്നാലും
തീരില്ല തീരില്ലീ ത്യാഗമുദ്ര!
അങ്ങിനെ ആ ഭയങ്കര മുഹൂര്‍ത്തമടുത്തുവരികയാണ്. ബാണ്‍വീര്‍ ഇപ്പോള്‍ ആയുധവുമായെത്തും. അവള്‍ രാജകുമാരനെ മെല്ലെയെടുത്ത് തന്റെ കിടക്കയില്‍ കിടത്തി.രാജകുമാരന്റെ വസ്ത്രവും ആഭരണവും അഴിച്ച് തന്റെ കുഞ്ഞിന് ഇടുവിച്ചു.അവനെ മെല്ലെയെടുത്ത് ആ അമ്മ പലവുരു ഉമ്മവച്ചു.മെല്ലെ രാജകുമാരന്റെ പട്ടുമെത്ത
യിലേക്കുമാറ്റി.
രാജകുമാരന്‍ ശയിക്കുമീ മെത്തയില്‍
രാഗാര്‍ദ്രലോലാ കിടക്കുക നീ,
ക്രൂരമാം വാളിന്നിരയാകിലും നാളെ-
ത്തീരും നീ നിത്യയശസ്വിയായി!
അവള്‍ മകന്റെ നെറ്റിത്തടത്തില്‍ ഒരിക്കല്‍ കൂടി ഉമ്മവച്ചു. അതാവരുന്നു ബാണ്‍വീര്‍! രാക്ഷസനെപ്പോലെ.കത്തുന്ന കണ്ണുകളും കയ്യില്‍ കഠാരയുമായി അയാള്‍ എത്തി! “എവിടെ രാജകുമാരന്‍ ?” അയാള്‍ അലറി.പന്ന രാജകുമാരന്റെ മെത്തയില്‍ കിടക്കുന്ന തന്റ കുഞ്ഞിനെ ചൂണ്ടിക്കാട്ടി. ആ ദുഷ്ടന്‍ പിന്നെ താമസിച്ചില്ല. കൈയിലെ കരാളമായ കഠാര ആ കുരുന്നു നെഞ്ചിലേക്ക് കുത്തിയിറക്കി!
അക്കഠാരയാക്കോമള നെഞ്ചിലെ...
രക്ത കോശങ്ങള്‍ തന്നിലിറങ്ങവേ...
ദിക്കുകള്‍ നടുങ്ങീടുന്നു വാനവും
പൃഥ്വിയും ഗദ്ഗദത്താല്‍ത്തുടിക്കുന്നു.
ഭൂമിയും വാനവും തരിച്ചുപോയി! തന്റെ കഠാരയിലെ ചോരക്കറ തുടച്ചു കൊണ്ട് ബാണ്‍വീര്‍ പൊട്ടിച്ചിരിച്ചു.താമസിയാതെ യഥാര്‍ത്ഥരാജ്യാവകാശി എത്തുമെന്നും തന്റെ നെഞ്ചം തകര്‍ക്കുമെന്നും ആവിഡ്ഡി അറിഞ്ഞില്ല!അധികം കഴിയുംമുമ്പ് പന്ന രാജകുമാരനുമായി രഹസ്യമായി കൊട്ടാരം വിട്ടു.
എങ്കിലും പന്നയുടെ ത്യാഗം! അതിനുതുല്യമായി മറ്റെന്തുണ്ട്?
രാജപുത്രനെ രക്ഷിക്കുവാന്‍ മഹാ-
ത്യാഗമായി മാറിനീറിയ നിന്‍കഥ
പാടിടുന്നു ചരിത്രം പുളകങ്ങ-
ളേറ്റു മിന്നുന്നു ശോണനക്ഷത്രങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ